ശ്രീറാം വെങ്കിട്ടരാമന്റ നിയമനം:
കളക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി
പത്തനംതിട്ട:
സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം
എഡിഷൻ ചീഫായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നേരിടുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.
കേസിലെ വിചാരണ നേരിടുന്ന ശ്രീറാമിനെ പ്രതിയാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങളുമായി ബന്ധപ്പെടുന്ന മജിസ്റ്റീരിയിൽ പദവിയുള്ള കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല.
കുറ്റം ചെയ്ത പ്രതിയെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും
ജില്ലാ മജിസ്റ്റീരിയൽ അധികാരമുള്ള പദവി സർക്കാർ തന്നെ പ്രതിക്ക് നൽകുകയും ചെയ്യുന്നത് അനീതിയാണ്. അതിനെ സ്വാഭാവിക നടപടി ക്രമമാണെന്ന് പറഞ്ഞു വെള്ള പൂശാനാണ് മുഖ്യമന്ത്രി ഇപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുമെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ. നിസാമുദ്ദീൻ കാമിൽ സഖാഫി കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് അബാൻ ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്.
കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു.
എ പി മുഹമ്മദ് അഷ്ഹർ, എ എം ഇസ്മായിൽ,മുഹമ്മദ് ഷിയാഖ് ജൗഹരി,സി എം സുലൈമാൻ ഹാജി,സലാഹുദ്ദീൻ മദനി,വഹാബ് മൗലവി കോട്ടാങ്ങൽ, മുഹമ്മദ് റിജിൻഷാ കോന്നി,സുധീർ വഴിമുക്ക്, എന്നീവർ പ്രസംഗിച്ചു.