ഭരണം സ്ഥാപിക്കലല്ല ഖുർആന്റെയും പ്രവാചകന്മാരുടെയും ദൗത്യം: യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ
മലപ്പുറം : ഭരണനിർവഹണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ഖുർആൻ നൽകിയിട്ടുണ്ടെങ്കിലും ഭരണം സ്ഥാപിക്കലായിരുന്നില്ല ഖുർആന്റെയും പ്രവാചകരുടെയും ദൗത്യമെന്ന് അരീക്കോട് മജ്മഇൽ നടന്ന യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ. പ്രവാചകന്മാരെ നിയോഗിച്ചത് ഭരണ നിർവഹണത്തിനോ രാഷ്ട്രസംസ്ഥാപനത്തിനോ അല്ല. ധാർമികമായി ചിട്ടകളനുസരിച്ച് ജീവിക്കാനും സ്രഷ്ടാവ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനുമാണ്. അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തി ഉത്തമ ജീവിതം നയിക്കുന്ന ജനതയെ സൃഷ്ടിക്കുകയാണ് എല്ലാ പ്രവാചകൻമാരും ചെയ്തത്. ചില പ്രവാചകന്മാർ ഭരണം നടത്തിയിട്ടുണ്ട്. എന്നാൽ അത് ആത്യന്തിക ദൗത്യം എന്ന തരത്തിലായിരുന്നില്ല. സമൂഹത്തിന്റെയും വ്യക്തികളുടെയും എല്ലാവിധ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമായിരുന്നു. രാഷ്ട്രവും ഭരണവും അതിന്റെ ഒരു ഭാഗം മാത്രമായിരുന്നു പ്രബോധനം യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ അഭിപ്രായപ്പെട്ടു.
‘ഖുർആൻആഘോഷിക്കപ്പെടുന്നു'(ഖുർആൻ സെലിബ്രേറ്റഡ്) എന്ന ശീർഷകത്തിൽ അരീക്കോട് മജ്മഅ് അലുംനൈ അസോസിയേഷൻ സൈക്രിഡ് സംഘടിപ്പിക്കുന്ന അൽകിതാബ് പദ്ധതികളുടെ തുടക്കമായാണ് യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ സംഘടിപ്പിത്. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, സി പി ബീരാൻ മുസ്‌ലിയാർ പ്രഭാഷണം നടത്തി. സുഹൈൽ സിദ്ദീഖി പൂങ്ങോട് സ്വാഗതവും കലാം സിദ്ദീഖി വാഴക്കാട് നന്ദിയും പറഞ്ഞു. പരിപാടി ഇന്ന് സമാപിക്കും. ഡിസംബർ ആദ്യ വാരത്തിൽ നടക്കുന്ന തിങ് ടാങ്ക് സമ്മിറ്റിന്റെ പ്രീ കോൺഫറൻസായാണ് പരിപാടി നടക്കുന്നത്.